Latest Updates

ന്യൂഡൽഹി: ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന്  സുപ്രീംകോടതി. ബില്ലുകളിലെ തീരുമാനമെടുക്കലിൽ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ­ബി ആർ ഗവായിയുടെ നിരീക്ഷണം. ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് കേസിൽ രണ്ടം​ഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതിൽ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി നൽകാനാവില്ലെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കർത്തവ്യം നിർവഹിച്ചില്ലെന്ന കാരണത്താൽ ഒരു ഭരണഘടനാസ്ഥാപനത്തിന് നിർദേശം നൽകാൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിക്ക് അവകാശമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. അങ്ങനെയെങ്കിൽ ഈ കോടതി 10 വർഷത്തിനുള്ളിൽ വിഷയം തീർപ്പാക്കിയില്ലെങ്കിൽ, രാഷ്ട്രപതി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് ന്യായീകരിക്കപ്പെടുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വേ​ഗത്തിൽ തീരുമാനമെടുക്കുക എന്നതാണ് ഭരണഘടനാശിൽപികൾ ഉദ്ദേശിച്ചത്. അവരുടെ പ്രതീക്ഷകളെ നമുക്ക് അവ​ഗണിക്കാൻ കഴിയുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. തമിഴ്‌നാട് വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ വാദം തുടരുകയാണ്.

Get Newsletter

Advertisement

PREVIOUS Choice